തിരുവനന്തപുരം:കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് എം.പിമാരുടെയും എ.ഐ.സി.സി അംഗങ്ങളുടെയും വീഴ്‌ച പരിശോധിക്കേണ്ടത് എ.ഐ.സി.സിയാണെന്ന് കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാനായി ചുമതലയേറ്റ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ശശി തരൂരിന്‍റെ കാര്യത്തില്‍ താന്‍ നിസഹായനല്ല. ശശി തരൂര്‍ എം.പിയും എ.ഐ.സി.സി അംഗവുമാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂവെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇടിവി ഭാരതിനോട് പറഞ്ഞു.
എ.ഐ.സി.സി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടത് കെ.പി.സി.സി പ്രസിഡന്‍റും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയാവുന്നവരാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നാണ് തന്‍റെ വിശ്വാസം. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പങ്ക് ഭാവിയില്‍ എന്തായിരിക്കുമെന്ന് പറയേണ്ടത് അച്ചടക്ക സമിതി ചെയര്‍മാനായ താനല്ലെന്നും മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഇതു സംബന്ധിച്ച വിവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.