തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുന്നത് പിരിച്ചുവിടല്‍ പ്രക്രിയിലൂടെയെന്ന് കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍. കൊടുക്കല്‍ വാങ്ങല്‍ ഇല്ലാത്തവര്‍ വേണ്ടെന്നതാണ് പാര്‍ട്ടിയിലെ സ്ഥിതി. സംഘപരിവാര്‍ മനസുള്ള ഒരാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ പാര്‍ട്ടിയില്‍ എവിടെയാണ് ജനാധിപത്യമെന്നും നീതിയെന്നും കെ.പി അനില്‍കുമാര്‍ ചോദിച്ചു.
സുധാകരനെതിരെ രൂക്ഷ വിമര്‍ശനം
സംഘപരിവാര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന് തന്നെയാണ് വ്യക്തമാക്കിയത്. സംഘപരിവാര്‍ മനസുള്ളവര്‍ക്കേ സംഘപരിവാറുമായി മുന്നോട്ടുപോകാനാകൂ. താലിബാന് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന് പിടിച്ച പോലെയാണ് സുധാകരന് കെപിസിസി പിടിച്ചെടുത്തത്. സുധാകരന് വേണ്ടി രംഗത്തിറങ്ങിയവര്‍ കോണ്ഗ്രസുകാരായിരുന്നില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അസ്തിത്വം നഷ്ടപ്പെടുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പകച്ചുനില്‍ക്കുന്നു എന്നത് കഷ്ടമാണ്. ഇന്ധന വില കുതിച്ചുയരുമ്പോള്‍ കോണ്‍ഗ്രസ് കയ്യും കെട്ടി നോക്കി നില്ക്കുന്നു.
കേരളത്തില്‍ പുതിയ നേതൃത്വം വന്ന ശേഷം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. വാക്കുകള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത് തന്നെയാണ് പറഞ്ഞത്. എന്നിട്ട് അവര്‍ക്കെതിരെ നടപടിയെടുത്തോ. ഈ നീതി നിഷേധത്തിനെതിരെയാണ് പ്രതിഷേധിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.