തിരുവനന്തപുരം:വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖത്ത് കൊഴിയാള ചാകര. ചൊവ്വാഴ്‌ച മുതൽ തുടങ്ങിയ ചാകരക്കൊയ്ത്തിനാൽ വിഴിഞ്ഞം തുറമുഖം കൊഴിയാള കൊണ്ട് നിറഞ്ഞു. ചാകര എത്തിയതറിഞ്ഞ് മീൻ വാങ്ങാൻ വിഴിഞ്ഞത്തേക്ക് ആളുകൾ ഇരച്ചെത്തി.
രണ്ടു ദിവസമായി ടൺ കണക്കിനു കൊഴിയാള മത്സ്യമാണ് കരയിലെത്തിയത്. തട്ടുമടി വലയിൽ ആണ് വലുപ്പം കുറഞ്ഞ കൊഴിയാള മീൻ കൂട്ടം ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപക്ക് വിറ്റിരുന്ന മീൻ പിന്നീട് 300 രൂപക്കാണ് വിറ്റത്. മീൻ ഇറക്കാൻ ഫിഷിങ്ലാൻഡിൽ സ്ഥലം തികയാത്തതിനാൽ കൊഴിയാളയുമായി എത്തിയ വള്ളങ്ങൾ പഴയ വാർഫിലാണ് പിന്നീട് മീൻ ഇറക്കിയത്.