തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഇടപാടിന്‍റെ പേരിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കരാർ സംബന്ധിച്ച് അതൃപ്തി അറിയിച്ച സിപിഐയുമായി ചർച്ച നടത്തും. വിവാദത്തിൽ സംസ്ഥാന സർക്കാരിന് ഒപ്പമാണ് പാർട്ടി എന്ന നിലപാട് ആവർത്തിച്ചു വ്യക്തമാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്‍റെ എല്ലാ നടപടികളെയും ന്യായീകരിച്ച കോടിയേരി പ്രതിപക്ഷത്തിന് നേരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞതു മൂലം ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകുമോയെന്ന പേടി കൊണ്ടാണ് ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതുവരെയും ഒരു തെളിവും പുറത്ത് കൊണ്ടുവരാൻ അവർക്ക് കഴിയാത്തത് ആരോപണങ്ങൾക്ക് കഴമ്പില്ലാത്തതു കൊണ്ടാണ്. സർക്കാറിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചു വയ്ക്കാനില്ല. അസാധാരണ ഘട്ടത്തെ നേരിടാൻ അസാധാരണ നടപടികൾ സ്വീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് സ്വകാര്യ കമ്പനിയുടെ സേവനം സൗജന്യമായി സ്വീകരിച്ചത്. വ്യക്തി വിവരങ്ങൾ ചോരില്ല എന്ന കാര്യം സർക്കാർ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.