തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രിയുടെ നവോഥാന പ്രസംഗം തട്ടിപ്പാണ്. പിണറായി വിജയൻ നവോഥാന നായകൻ ആയിരുന്നെങ്കിൽ മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ചുകൊടുക്കുമായിരുന്നു.
പാർട്ടിയിൽ പട്ടിക ജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ എസ്‌സിഎസ്‌ടി ഫണ്ട് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണയിലായിരുന്നു എംപിയുടെ വിവാദ പരാമർശം.
കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പ്രതികരിക്കുന്നു പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു. മറ്റ് മന്ത്രിമാരുടെ ഓഫിസുകളിൽ അത്തരം നിയന്ത്രണമില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
എസ്‌സിഎസ്‌ടി ഫണ്ട് തട്ടിപ്പിൽ സുതാര്യമായ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. തട്ടിപ്പിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
Read more: പട്ടികജാതി ഫണ്ട് തട്ടിപ്പ്; അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍