തിരുവനന്തപുരം:പ്രവാസി സംരംഭകൻ പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷയെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. സംഭവത്തിന് ഉത്തരവാദികൾ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സിപിഎം നേതാവായ നഗരസഭാധ്യക്ഷയെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിക്കുകയായിരുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പുപോരിന്റെ രക്തസാക്ഷിയാണ് പാറയിൽ സാജനെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതു രണ്ടാം തവണയാണ് ആന്തൂർ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ അനുമതി തേടുന്നത്. നഗരസഭ അധ്യക്ഷയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച കെഎം ഷാജി ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിന് ഉത്തരവാദി സെക്രട്ടറി ഉൾപ്പെടെയുള്ള നഗരസഭാ ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ വച്ച് സിപിഎമ്മിനെതിരെ എന്തും വിളിച്ചു പറയാമെന്ന് പ്രതിപക്ഷം കരുതരുതെന്നും മുഖ്യമന്ത്രി മറുപടി നൽകി.