കേരളം

kerala

ETV Bharat / city

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലത്തില്‍ വന്‍ വോട്ട് ചോര്‍ച്ച - vote

ശക്തമായ യുഡിഎഫ് തരംഗത്തിലും വൻതോതിൽ വോട്ടു ചോർച്ച നടന്നതായി വിലയിരുത്തല്‍

കോൺഗ്രസ് എം എൽ എമാരുടെ മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും ചർച്ചയാകുന്നു

By

Published : Jun 1, 2019, 11:52 PM IST

തിരുവനന്തപുരം:എൽഡിഎഫ് മന്ത്രിമാരുടെ മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയ്ക്ക് പിന്നാലെ പ്രമുഖ കോൺഗ്രസ് എം എൽ എ മാരുടെ മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിഡി സതീശൻ, കോൺഗ്രസിലെ പ്രമുഖ യുവ എംഎൽഎമാർ എന്നിവരുടെ മണ്ഡലങ്ങളിലാണ് ശക്തമായ യുഡിഎഫ് തരംഗത്തിലും വൻതോതിൽ വോട്ടു ചോർന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ ലഭിച്ചത് 75,980 വോട്ട്. എന്നാൽ എന്നാൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ച ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് ഇവിടെ ലഭിച്ചത് 61,445 വോട്ടുകൾ മാത്രം. 14,535 വോട്ടുകളാണ് ആണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഇവിടെ യുഡിഎഫിന് ഇത്തവണ കുറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ12,956 വോട്ടുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് 13,282 വോട്ടുകൾ ഇവിടെ കൂടുതൽ ലഭിച്ചു.
ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞത് 7,491 വോട്ട്. കോട്ടയം നിയമസഭാ മണ്ഡലത്തിൽ 73,894 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ എത്തിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് 19,063 വോട്ട് കുറഞ്ഞു. എന്നാൽ എൻഡിഎ ക്ക് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 8,982 വോട്ട് കൂടുതൽ ലഭിച്ചു.
കോൺഗ്രസിന്‍റെ കരുത്തനായ നിയമസഭാസാമാജികൻ വിഡി സതീശന്‍റെ മണ്ഡലമായ പറവൂരിൽ ഹൈബി ഈഡന് വ്യക്തമായ മേൽക്കൈ ലഭിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശന് ലഭിച്ചതിനേക്കാൾ 3960 വോട്ട് ഇവിടെ യുഡിഎഫിന് കുറഞ്ഞു. എന്നാൽ ഹൈബി ഈഡൻ പ്രതിനിധാനം ചെയ്യുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് 4101 വോട്ട് കൂടുകയാണ് ചെയ്തത്.


കോൺഗ്രസിന്‍റെ യുവ എംഎൽഎമാരുടെ മണ്ഡലത്തിൽ വോട്ടു കുറഞ്ഞതും ശ്രദ്ധേയമാണ്.
പാലക്കാട് ലോകസഭാ മണ്ഡലത്തിൽ 19063 വോട്ടുകൾക്കാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണ വി.കെ ശ്രീകണ്ഠൻ ഇവിടെ ലീഡ് നേടിയെങ്കിലും യുഡിഎഫിന് 9134 വോട്ടുകൾ കുറഞ്ഞു. വി ടി ബൽറാമിന്‍റെ തൃത്താലയിൽ യുഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിന് 8402 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 8009 വോട്ടുകൾ നഷ്ടപ്പെട്ടു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ കോന്നി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 23,133 വോട്ടുകൾ കുറഞ്ഞു. ഇവിടെ കെ സുരേന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 29,851 വോട്ട് കൂടുതൽ നേടാനായി. കോൺഗ്രസ് യുവ എം എൽ എ കെ എസ് ശബരിനാഥന്‍റെ മണ്ഡലമായ അരുവിക്കരയിൽ11,968 വോട്ടുകൾ യുഡിഎഫിന് കുറഞ്ഞു. അതേസമയം 2016 നേക്കാൾ 9957 വോട്ടുകൾ വർധിപ്പിക്കാൻ ഇവിടെ ഇത്തവണ ബിജെപിക്ക് കഴിഞ്ഞു.

ABOUT THE AUTHOR

...view details