തിരുവനന്തപുരം: ആഭ്യന്തര വിമാന - ട്രെയിൻ യാത്രകൾ പുനരാരംഭിക്കുന്നതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിമാനമാർഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ട്രെയിൻ സർവീസ് കൂടി ആരംഭിക്കുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന വിലയിരുത്തലിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
വിമാന - ട്രെയിൻ യാത്രകൾ പുനരാരംഭിച്ചാല്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി
ആരോടും കേരളത്തിലേക്ക് വരരുത് എന്ന് പറയാൻ കഴിയില്ല. അവർക്ക് സൗകര്യം ഒരുക്കുകയും രോഗം പകരാതിരിക്കാൻ ശ്രമിക്കുകയുമാണ് ഏക മാർഗമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ കർശനമായി തന്നെ നിരീക്ഷിക്കും. ആരോടും കേരളത്തിലേക്ക് വരരുത് എന്ന് പറയാൻ കഴിയില്ല. അവർക്ക് സൗകര്യം ഒരുക്കുകയും രോഗം പകരാതിരിക്കാൻ ശ്രമിക്കുകയുമാണ് ഏക മാർഗം. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈൻ കൂടുതൽ എടുത്തിട്ടുണ്ട്. ജില്ലകൾ വിട്ട് യാത്ര ചെയ്യുന്നവരുടെ കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധന നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലാണ്.അതുപോലെ മരണനിരക്കും കുറവാണ്. കേരളത്തിന്‍റെ മരണസംഖ്യ നാലായി. എന്നാൽ കേന്ദ്ര ഗവൺമെന്‍റ് മാഹി സ്വദേശിയുടെത് കൂടി ഉൾപ്പെടുത്തിയാണ് കണക്ക് പ്രസിദ്ധീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ഖദീജയുടെ ആരോഗ്യനില ആശുപത്രിയിലെത്തുമ്പോൾ തന്നെ മോശമായിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ തന്നെ രോഗി മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് സ്വകാര്യ വാഹനത്തിലെത്തിയതുകൊണ്ടുതന്നെ ചാവക്കാട് ആശുപത്രിയിൽ ആവശ്യമായ മുൻകരുതലുകൾ ജീവനക്കാർ എടുത്തിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തവരെയും ഡ്രൈവറെയും നിരീക്ഷണത്തിൽ ആക്കിയതായി മന്ത്രി പറഞ്ഞു.