തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുക്കെട്ടില്‍ പിറന്ന ചലച്ചിത്രാനുഭവം. 1989ല്‍ പുറത്തിറങ്ങിയ കിരീടം എന്ന ചിത്രത്തിലെ കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി എന്ന് തുടങ്ങുന്ന ഗാനവും സേതുമാധവന്‍റെ ദുരന്ത ജീവിതവും വെള്ളിവെളിച്ചത്തില്‍ കണ്ട് കരയാത്ത മലയാളികളുണ്ടാകില്ല. ചിത്രത്തില്‍ സേതുമാധവന്‍റെയും ദേവിയുടേയും പ്രണയ രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ സേതുമാധവന്‍റെ ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങള്‍ക്കും സാക്ഷിയായ പാലവും ചിത്രത്തിനൊപ്പം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞു.
കിരീടം പാലം ഇനി ടൂറിസം കേന്ദ്രം
ചിത്രമിറങ്ങിയതിന് പിന്നാലെ കിരീടം പാലം, തിലകന്‍ പാലം എന്ന പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങിയ പാലവും സമീപത്തെ വെള്ളായണി കായലിന്‍റെ സൗന്ദര്യവും ആസ്വദിക്കാനായി ഏറെപേര്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. കാലപ്പഴക്കം കാരണം പഴയ പാലം നശിച്ചപ്പോള്‍ ആ സ്ഥാനത്ത് പുതിയ പാലം വന്നു.
വെള്ളായണി കായലിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പാലം കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ടൂറിസം ദിനത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന നേമത്തെ എംഎല്‍എയും മന്ത്രിയുമായ വി ശിവന്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.