തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ആരെന്നതില്‍ ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമാകും. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
വിജിലന്‍സ് ഡയറക്ടര്‍ എസ്.സുധേഷ്‌കുമാര്‍, റോഡ് സുരക്ഷ കമ്മിഷണര്‍ അനില്‍കാന്ത്, അഗ്നിരക്ഷാസേന മേധാവി ഡോ.ബി.സന്ധ്യ എന്നിവരില്‍ നിന്ന് ഒരാളാകും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തെത്തുക.
ഡോ.ബി.സന്ധ്യ പൊലീസ് മേധാവിയായാല്‍ സംസ്ഥാനത്തെ ആദ്യ വനിത പൊലീസ് മേധാവി എന്ന ബഹുമതിക്ക് അവര്‍ അര്‍ഹയാകും. അതേസമയം സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ആയ സുധേഷ്‌കുമാര്‍ പൊലീസ് മേധാവിയാകട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മുമെന്ന് സൂചനയുണ്ട്.
also read: സംസ്ഥാന പൊലീസ് മേധാവി; തച്ചങ്കരിക്ക് വിനയായത് സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധി
സംസ്ഥാനത്തെ ഏറ്റവും സീനിയറായ ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് മേധാവിയാക്കണം എന്നാണ് സിപിഎം ആഗ്രഹിച്ചിരുന്നതെങ്കിലും ഇത് നിശ്ചയിക്കുന്നതിനുള്ള യുപിഎസ്‌സി പാനല്‍ തച്ചങ്കരിയെ തള്ളിയാണ് മറ്റ് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
നേരത്തെയുള്ള ചില അച്ചടക്ക നടപടികളും വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദനം നടത്തിയെന്ന പരാതിയുമാണ് തച്ചങ്കരിക്ക് തിരിച്ചടിയായത്.
സംസ്ഥാന സര്‍ക്കാര്‍ അയച്ച 30 വര്‍ഷം സര്‍വീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് തച്ചങ്കരിയെ തള്ളി സുധേഷ്‌കുമാര്‍, അനില്‍കാന്ത്, സന്ധ്യ എന്നിവരെ യുപിഎസ്‌സി സമിതി ചുരുക്കപ്പട്ടികയില്‍പ്പെടുത്തിയത്. സുധേഷ്‌കുമാറിന് 2022 ഒക്‌ടോബര്‍വരെയും അനില്‍കാന്തിന് 2022 ജനുവരിവരെയും സന്ധ്യയ്ക്ക് 2023 മെയ് വരെയും സര്‍വീസുണ്ട്.