തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും മേഖലയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനും ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാന്‍ പാനല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക്ക് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഹോം നേഴ്‌സ് റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ പ്രവര്‍ത്തനം നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കമ്മിഷന്‍റെ ഉത്തരവ്.
ഹോം നേഴ്‌സ് റിക്രൂട്ട്‌മെന്‍റ് ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ - ഹോം നേഴ്‌സ് റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ പ്രവര്‍ത്തനം
ഹോം നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മിഷന്‍
സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് കീഴിലല്ലെന്ന് ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കമ്മിഷനെ അറിയിച്ചു. ഹോം നേഴ്‌സുമാരുടേയും റിക്രൂട്ടിങ് ഏജന്‍സികളുടേയും എണ്ണത്തില്‍ ദിനം പ്രതി വർധനവുണ്ടാകുകയാണെന്ന് പാനല്‍ നിരീക്ഷിച്ചു. ഹോം നേഴ്‌സുമാരുടെ സേവനം ആവശ്യമുള്ള വയോധികരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുകയാണ്.
ഹോം നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം നിയമപ്രകാരമായിരിക്കണം. ഏജന്‍സികളുടെ നിയന്ത്രണം അത്യാവശ്യമാണെന്നും പാനല്‍ വ്യക്തമാക്കി. ഹോം നേഴ്‌സുമാർക്ക് കൃത്യമായ പരിശീലനം നല്‍കണമെന്ന് സര്‍ക്കാരിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. റിക്രൂട്ടിങ് ഏജന്‍സികളുടെ പരിശീലനം, രജിസ്‌ട്രേഷന്‍, നിയന്ത്രണം എന്നിവ സാമൂഹ്യ നീതി വകുപ്പിനേയോ തദ്ദേശ സ്വയം ഭരണ വകുപ്പിനേയോ ഏല്‍പ്പിക്കണമെന്നും ജസ്റ്റിസ് ഡൊമിനിക് അധ്യക്ഷനായ പാനല്‍ വ്യക്തമാക്കി.