തിരുവനന്തപുരം/പത്തനംതിട്ട: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മെയ് 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വെളളപ്പൊക്ക സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ 20 സെ.മീ വീതം ഉയർത്തി. മൂന്നും നാലും ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തുമെന്നും തിരുവനന്തപുരം ജില്ല കലക്‌ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ : അടുത്ത അഞ്ച് ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ല-താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.
വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. നഗരത്തിലെ വെളളക്കെട്ട് നിരീക്ഷിക്കുന്നതിനായി എറണാകുളത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കും.
മലയോര, തീര പ്രദേശങ്ങളില്‍ ജാഗ്രതാനിർദേശം : കേരള തീരത്ത് മെയ് 16 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും തീര പ്രദേശത്തും ജാഗ്രതാനിര്‍ദേശം നല്‍കി. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, മങ്കയം എന്നിവിടങ്ങള്‍ അടച്ചു.
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ശനിയാഴ്‌ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.