തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെയുള്ള ന്യൂനമർദ പാത്തി, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് വ്യപകമായ മഴയ്ക്ക് കാരണം.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 9 ജില്ലകളിൽ യെല്ലോ അലർട്ട് - Heavy rain in kerala
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്
ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ശനിയാഴ്‌ചയോടെ ഇത് അതിതീവ്ര ന്യൂനമർദമായി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതിന്‍റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.