കേരളം

kerala

ETV Bharat / city

ബുധനാഴ്‌ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ; ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമെന്ന് മുഖ്യമന്ത്രി - ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സ്

അടിയന്തര സഹായത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയും, ഇന്ത്യൻ ആർമിയും, എയർ ഫോഴ്‌സും, എൻജിനിയർ ടാസ്‌ക് ഫോഴ്‌സും, എൻഡിആർഎഫും സജ്ജമെന്ന് മുഖ്യമന്ത്രി

KERALA RAIN UPDATE  PINARAYI VIJAYAN  പിണറായി വിജയൻ  ദേശീയ ദുരന്ത പ്രതികരണ സേന  അറബിക്കടൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  കനത്ത മഴ  എയർ ഫോഴ്‌സ്  ഇന്ത്യൻ ആർമി  എൻജിനിയർ ടാസ്‌ക് ഫോഴ്‌സ്  ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സ്  എൻഡിആർഎഫ്
ബുധനാഴ്‌ച മുതൽ വ്യാപക മഴക്ക് സാധ്യത; ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമെന്ന് മുഖ്യമന്ത്രി

By

Published : Oct 17, 2021, 9:44 PM IST

തിരുവനന്തപുരം :ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഴക്കൻ കാറ്റിന്‍റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്‍റെ ഭാഗമായി കേരളത്തിൽ ബുധനാഴ്‌ച മുതൽ 3-4 ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് സൂചന നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി കുറഞ്ഞിട്ടുണ്ട്. തൃശൂർ, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.

സഹായത്തിനായി ആർമിയും, ദുരന്ത പ്രതികരണ സേനയും

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യൻ ആർമിയുടെ രണ്ട് ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തുമുണ്ട്. ഇവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്‍റെ ടീമുകളില്‍ ഒന്നിനെ കോഴിക്കോടും മറ്റൊന്നിനെ വയനാടും വിന്യസിച്ചിട്ടുണ്ട്.

എയർ ഫോഴ്‌സിന്‍റെ രണ്ട് ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതുനിമിഷവും ഇവരെ വിന്യസിക്കാനാകും. കൂടാതെ സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉരുൾപൊട്ടൽ- രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 13 മൃതദേഹങ്ങൾ കണ്ടെത്തി. എൻജിനിയർ ടാസ്‌ക് ഫോഴ്‌സ് 3 മണിയോടുകൂടി കൂട്ടിക്കൽ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങി കിടന്നവരെ പൊലീസും ഫയർ ഫോഴ്‌സും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും 2 പേരെ കാണാതായെന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവർത്തനം നാളെയും തുടരും.

ALSO READ :മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി ; മരണസംഖ്യ ഉയർന്നേക്കും

പത്തനംതിട്ടയിലെ കക്കി അണക്കെട്ട് അടിയന്തര സാഹചര്യത്തിൽ തുറക്കേണ്ടിവന്നാൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. എൻഡിആർഎഫ് ടീമിനെ ആവശ്യം വരികയാണെങ്കിൽ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്‌തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാനും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. ഒക്ടോബർ 21 വരെ കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details