തിരുവനന്തപുരം:പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നാളെ. മരുന്ന് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തന സമയം.
അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 24,614 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരേയും അതത് കേന്ദ്രങ്ങളില്‍ വിന്യസിക്കും. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കേണ്ടതാണ്.
ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. കൊവിഡ് ബാധിച്ച കുട്ടികളാണെങ്കില്‍ നാലാഴ്‌ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് ക്രമീകരണം ഒരുക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.