കേരളം

kerala

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്‌ച; 24.36 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്യും

By

Published : Feb 23, 2022, 5:39 PM IST

പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍  പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം  പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്‌ച  pulse polio immunization latest  kerala pulse polio drive
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്‌ച; 24.36 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്‌ച നടക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.

ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വളണ്ടിയര്‍മാര്‍ക്കും 2,183 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കി. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ബൂത്തുകളില്‍ കുട്ടികളുമായി എത്തുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

കേരളത്തില്‍ രണ്ടായിരത്തിന് ശേഷവും ഇന്ത്യയില്‍ 2011ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചു. എങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുവാനായാണ് പോളിയോ തുള്ളിമരുന്ന് തുടര്‍ന്നും നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.

Also read: കണ്ണൂർ വിസി നിയമനം : ഹൈക്കോടതി വിധി സർക്കാർ നടപടിക്കുള്ള അംഗീകാരമെന്ന് ആർ ബിന്ദു

ABOUT THE AUTHOR

...view details