തിരുവനന്തപുരം: സംസ്ഥാനത്തെ 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സർക്കാർ ഉത്തരവിറങ്ങി. ഇത് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പ്രവർത്തന സമയം വർധിപ്പിച്ചു കൊണ്ടാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാകും. ഇതോടൊപ്പം വിദഗ്‌ധ ചികിത്സയും ലഭ്യമാകും.
സംസ്ഥാനത്ത് 212 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി - ആരോഗ്യമന്ത്രി കെകെ ശൈലജ
ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നത്.
തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശ്ശൂർ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂർ 21, കാസർകോട് 10 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തപ്പെടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്. ആർദ്രം മിഷൻ്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സർക്കാർ ഉത്തരവായത്. ഇതിൽ 461 കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തനമാരംഭിച്ചു.