തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ്. നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ 25,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ പുരോഗമിക്കുന്നു നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കലക്ടര്‍മാര്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെയും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് കര്‍ശന പരിശോധനയാണ് ഇന്ന് രാവിലെ മുതല്‍ നിരത്തില്‍ നടത്തുന്നത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അവശ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡും അത്യാവശ്യ കാര്യങ്ങള്‍ക്കും വാക്‌സിനേഷന് പോകുന്നവരും സത്യവാങ്ങ്മൂലവും ഹാജരാക്കണം.
യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച വരെ സ്വയം തയാറാക്കിയ സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നാല്‍ ഓണ്‍ലൈന്‍ പാസ് എടുക്കണം. നിലവില്‍ അടിയന്തര യാത്രയ്ക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നും പാസ് വാങ്ങാനും സംവിധാനമുണ്ട്. തിരുവനന്തപുരത്ത് നഗര ഗ്രാമീണ മേഖലകളിലെല്ലാം പരിശോധന ശക്തമാണ്. അന്തര്‍ ജില്ലാ യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ട് യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
also read:സുരക്ഷിതമായി വീട്ടിലിരിക്കണം... അടച്ചുപൂട്ടി കേരളം