തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്‌ഡ്‌സ് ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്ഐവി അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക എയ്‌ഡ്‌സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ല തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്.