തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനത്തിന് മന്ത്രി മറുപടി നല്‍കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും പഠന റിപ്പോര്‍ട്ടുകളും വിശദമായി പ്രതിപാദിച്ചാണ് മന്ത്രിയുടെ ലേഖനം.
ഇകഴ്‌ത്തി കാണിക്കാനുള്ള ആസൂത്രിത നീക്കം
കൊവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.
സഹായിക്കാനല്ല, തകര്‍ക്കാനാണ് ശ്രമം
കൊവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല മറിച്ച് തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വിമര്‍ശിച്ചു. കൊവിഡ് മൂലമുള്ള കേരളത്തിലെ മരണ നിരക്ക് 0.5 ശതമാനമാണ്. ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണിത്. ഇത് ആരോഗ്യ സംവിധാനത്തിന്‍റെ വിജയമാണ്. വിമര്‍ശിക്കുന്നവര്‍ ഇത് കാണുന്നില്ല. രോഗവ്യാപനം തടയുന്നതിലും രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിലുമുള്ള കാര്യക്ഷമതയിലും കേരളം ഏറെ മുന്നിലാണ്.
രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ചില സംസ്ഥാനത്ത് 120 കേസില്‍ ഒന്നും 100 കേസില്‍ ഒന്നുമൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ശരാശരി 33 കേസില്‍ ഒന്ന് എന്നതാണ്. കേരളത്തില്‍ ഇത് ആറിലൊന്നാണ് എന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.