കേരളം

kerala

ETV Bharat / city

വേണ്ടത് സൈബർ ജാഗ്രത: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍ - cyber crime case study

കഴിഞ്ഞ വർഷത്തെ കണക്കിൽ 82 കേസുകളുള്ള പത്തനംതിട്ടയാണ് ജില്ലകളില്‍ മുന്നിൽ. 70 കേസുകളുമായി തിരുവനന്തപുരം രണ്ടാമതും 69 കേസുകളുള്ള കൊച്ചി മൂന്നാമതുമാണ്.

സൈബര്‍ കേസുകള്‍ കേരളം  കേരളം സൈബര്‍ കേസുകള്‍ കണക്ക്  ഇന്ത്യ സൈബര്‍ കേസുകള്‍  സംസ്ഥാന പൊലീസ് വാര്‍ത്തകള്‍  കേരള സൈബര്‍ പൊലീസ് വാര്‍ത്തകള്‍  സൈബര്‍ കുറ്റകൃത്യങ്ങള്‍ വാര്‍ത്തകള്‍  cyber crime news kerala  cyber crime case india  kerala cyber crime  kerala police related news  kerala police news  cyber crime case study  cyber crime case study kerala
cyber cases

By

Published : Jan 14, 2021, 7:23 AM IST

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേരളത്തിൽ. സൈബർ കുറ്റകൃത്യങ്ങളുടെ വർഷം തോറുമുള്ള കണക്ക് പ്രകാരവും കേരളമാണ് മുന്നില്‍. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത കേസുകളിൽ 75 ശതമാനവും ഡിജിറ്റൽ കുറ്റകൃത്യങ്ങളോ ഡിജിറ്റൽ ഇടപാടുകൾ ഉള്ളവയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാല്‍ അഞ്ച് വർഷം മുമ്പ് ആകെ കേസുകളുടെ 20 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സൈബർ കുറ്റകൃത്യങ്ങൾ. 2018ൽ 439, 2019ൽ 422 സൈബർ കേസുകൾ മാത്രം രജിസ്റ്റര്‍ ചെയ്‌ത സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌തത് 679 കേസുകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍, സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടവയാണ് കേസുകളില്‍ ഏറെയും. കഴിഞ്ഞ വർഷം 'ഓപ്പറേഷൻ പി ഹണ്ട്' വഴി കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങളിൽ മാത്രം പിടിയിലായത് 183 പേരാണ്. സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക പരിശീലനം നൽകി വരികയാണെന്ന് എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. 2022 ഓടെ ഡിജിറ്റൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരള പൊലീസിന് പൂർണവൈദഗ്ധ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.

സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം

സംസ്ഥാനത്ത് വർധിച്ച ഇന്‍റര്‍നെറ്റ് ഉപയോഗമാണ് കേസുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നത്. പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുറന്ന സമീപനമാണ് കേരളത്തിന്‍റേത്. പരാതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമായതും കൂടുതൽ പരാതികളെത്താൻ വഴിയൊരുക്കുന്നു. കേസുകളുടെ എണ്ണം കൂടിയതോടെ സൈബർ ഡോമിന്‍റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നിന്ന് സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ഉപയോഗം പൊലീസ് ഇതുവഴി നിരീക്ഷിച്ച് വരികയാണ്. കുറ്റകൃത്യത്തിന്‍റെ ആസൂത്രണ ഘട്ടത്തിൽ തന്നെ തടയാൻ ഇതുമൂലം സാധിക്കുന്നുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കുട്ടികൾക്കെതിരെയുള്ളവ ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങൾ ഇങ്ങനെ തടഞ്ഞതായും പൊലീസ് വ്യക്തമാക്കി.

കൂടാതെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സംഘങ്ങളെ പിടികൂടുകയും ചെയ്‌തിട്ടുണ്ട്. എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചതോടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ കണക്കിൽ 82 കേസുകളുള്ള പത്തനംതിട്ടയാണ് ജില്ലകളില്‍ മുന്നിൽ. 70 കേസുകളുമായി തിരുവനന്തപുരം രണ്ടാമതും 69 കേസുകളുള്ള കൊച്ചി മൂന്നാമതുമാണ്. വിവിധ സൈബർ പൊലീസ് സ്റ്റേഷനുകളിൽ 108 കേസുകൾ രജിസ്റ്റർ ചെയ്‌തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ 'പി ഹണ്ട്' വഴി 926 പരിശോധനകളാണ് കഴിഞ്ഞവർഷം നടത്തിയത്. 769 കേസുകൾ രജിസ്റ്റർ ചെയ്‌തു. 852 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. നിലവിലുള്ള ഐടി നിയമം ശക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്‌തമല്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നയം ഉണ്ടാകേണ്ടതുണ്ടെന്നും ബോധവത്കരണം മെച്ചപ്പെടണമെന്നും പൊലീസ് പറയുന്നു. വിദേശത്ത് നിന്നും മറ്റും ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവർ സ്വയം മുൻകരുതലെടുക്കേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details