തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആന്‍ഡ്രോയ്‌ഡ് ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. 'ശൈലി ആപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ആപ്പില്‍ പ്രധാനമായും ലഭ്യമാകുക.
പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ജീവിതശൈലീ രോഗങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും അസുഖങ്ങള്‍ നിയന്ത്രിക്കാനും ഉചിതമായ പദ്ധതികൾ ആവിഷ്‌കരിക്കാനും ആരോഗ്യ വകുപ്പിനെ പ്രാപ്‌തമാക്കാന്‍ ആപ്പ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നവകേരള കർമ പദ്ധതിക്ക് കീഴില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് പ്രൊജക്‌റ്റിന്‍റെ ഭാഗമായാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. പ്രൊജക്‌റ്റിന്‍റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ അതത് പ്രദേശങ്ങളിലെ 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
വിവരങ്ങള്‍ ശേഖരിക്കുക ആശ പ്രവര്‍ത്തകര്‍ : ഇ-ഹെൽത്ത് സംരംഭത്തിന് കീഴിൽ സജ്ജീകരിച്ച ആപ്പ് വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനും ക്രോഡീകരിക്കാനും സഹായിക്കും. രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേ ഇതിലേക്ക് ഒരു വ്യക്തിയെ നയിക്കുന്ന ജീവിതശൈലിയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുമെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ആശാ പ്രവർത്തകർ ശേഖരിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കും.
ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥനാത്തില്‍ വ്യക്തികളുടെ ആരോഗ്യനില സ്‌കോർ ചെയ്യും. നാലിന് മുകളിൽ സ്‌കോർ ഉള്ളവരോട് ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയ്ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കാൻ ആവശ്യപ്പെടും. സംസ്ഥാനത്ത് കുടുംബക്ഷേമ ഉപ-കേന്ദ്രങ്ങൾ ഉൾപ്പടെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ജീവിതശൈലീ രോഗനിർണയ ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും ഓരോ പ്രദേശത്തെയും ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലീ രോഗങ്ങളുടെ വ്യക്തമായ സ്ഥിതിവിവരക്കണക്കുകളൊന്നും നിലവില്‍ ലഭ്യമല്ലെന്നും ആരോഗ്യ വകുപ്പിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.