തിരുവനന്തപുരം :പാഠ്യപദ്ധതിയില്‍ നിയമ പഠനം ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരി ഉപയോഗം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ നിയമങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉള്‍പ്പെടുത്തുക. നിലവില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍, തത്വങ്ങള്‍, കടമകള്‍ എന്നിവയെ കുറിച്ച് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല അതെങ്ങനെ സംരക്ഷിക്കാമെന്നതിനെ കുറിച്ചും പഠിപ്പിക്കണം. കുട്ടികളെ ഉത്തരവാദിത്തമുള്ളവരും നാളത്തെ പൗരന്മാരും ആക്കി മാറ്റുന്നതിന് പാഠ്യപദ്ധതിയില്‍ ചില നിയമങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വിആര്‍ സുനില്‍ കുമാർ എംഎല്‍എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പൊതു ചര്‍ച്ചകള്‍ നടത്തും :പോക്‌സോ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള നിയമം ഉള്‍പ്പടെയുള്ളവ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു. നിയമങ്ങളെ കുറിച്ചും കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ചും ഹൈസ്‌കൂള്‍ തലം മുതൽ കുട്ടികളെ പഠിപ്പിക്കുകയാണെങ്കില്‍ പ്ലസ്‌ടു പഠനം പൂര്‍ത്തീകരിക്കുന്നതോടെ ഒരു വിദ്യാര്‍ഥിക്ക് നിയമ വശങ്ങളെ കുറിച്ച് ബോധമുണ്ടാകുമെന്ന് വിആര്‍ സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
Also read: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതിയില്‍ നിയമ പഠനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നതിന് പൊതു ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.