സമൂഹവ്യാപനത്തിന് സാധ്യത; കടുത്ത നടപടികളിലേക്കെന്ന് മുഖ്യമന്ത്രി - സമൂഹവ്യാപനം
നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുള്ള സാധ്യത ഏറി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ സംശയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. രോഗവ്യാപനത്തിന്‍റെ തോത് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാവർക്കും ചികിത്സ നൽകാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുള്ള സാധ്യത ഏറി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമായി ഇതിനെ കാണരുത്. മുന്നറിയിപ്പുകൾക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.