തിരുവനന്തപുരം : 2019ലെ വിവാദമായ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വനമേഖലയോട് ചേര്‍ന്ന് ഒരു കലോമീറ്റര്‍ ബഫര്‍ സോണാക്കാനായിരുന്നു 2019ലെ ഉത്തരവ്. ഈ ഉത്തരവില്‍ ജനവാസ മേഖലകളെ ഒഴിവാക്കിയിരുന്നില്ല. പ്രദേശവാസികളും പ്രതിപക്ഷവും ഈ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു.
ബഫര്‍സോണ്‍ വിഷയം : 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
വനമേഖലയോട് ചേര്‍ന്ന് ഒരു കലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള 2019ലെ ഉത്തരവ് തിരുത്താന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം
ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ അനുകൂല വിധി ലഭിക്കാന്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇത് തിരുത്താന്‍ മുതിരുന്നത്. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
വനമേഖലയോട് ചേര്‍ന്ന് ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് 2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരിച്ചടിയാകുമെന്ന് നിയമവിദഗ്‌ധരില്‍ നിന്ന് സര്‍ക്കാറിന് ഉപദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിവാദ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.