തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്‌ക്കായി 2000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നാളികേരം, നെല്‍കൃഷി, ജൈവകൃഷി തുടങ്ങിയവയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെല്‍ ഉത്പാദനം 5.5 ലക്ഷം ടണ്ണായി ഉയര്‍ന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. നെല്‍കൃഷി വികസനത്തിന് റോയല്‍ട്ടി ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ ധനമന്ത്രി നെല്‍കര്‍ഷകര്‍ക്കായി നാല്‍പ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആകെ 118 കോടി രൂപയാണ് നെല്‍കൃഷിക്കായി അനുവദിച്ചിരിക്കുന്നത്.
നെല്‍കൃഷി വികസനത്തിന് റോയല്‍റ്റി ഏര്‍പ്പെടുത്തും പച്ചക്കറി - പുഷ്‌പ്പ കൃഷിക്ക് ആയിരം കോടി രൂപ അനുവദിച്ചതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഊബര്‍ മാതൃകയില്‍ സംസ്ഥാനത്ത് പഴം പച്ചക്കറി വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. നാളികേര ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്നിന് 75 തൈകള്‍ വീതം വിതരണം ചെയ്യും.
സംയോജിത റൈസ് പാര്‍ക്കും റബര്‍ പാര്‍ക്കും
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് റൈസ് പാര്‍ക്കിന്‍റെ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും. ഇതു കൂടാതെ രണ്ട് റൈസ് പാര്‍ക്കുകള്‍ക്കൂടി സ്ഥാപിക്കും ഇതിനായി ഇരുപത് കോടി രൂപ അനുവദിച്ചു. ഇവയുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായ ന്യൂസ് പ്രിന്‍റ് ഫാക്‌ടറിയുടെ സമീപത്തായ റബര്‍ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം ആരംഭിക്കും. അഞ്ഞൂറ് എക്കറിലാണ് നിര്‍മാണം. ആദ്യ ഘട്ടം നിര്‍മാണവും, രണ്ടാം ഘട്ട വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലും ഈ വര്‍ഷം പൂര്‍ത്തിയാകും.
പാലില്‍ സ്വയം പര്യാപ്‌തത
ആവശ്യമായ പാലിന്‍റെ 94 ശതമാനം സംസ്ഥാനത്തുനിന്ന് ഉല്‍പ്പാദിപ്പിക്കാനായെന്ന് തോമസ് ഐസക്ക് അവകാശപ്പെട്ടു. ക്ഷീരമേഖലയുടെ വികസനത്തിനായി ആകെ 422 കോടി രൂപ അനുവദിച്ചു. 54 കോടി പൊതുമേഖല സ്ഥാപനങ്ങള്‍ക്കും, 75 കോടി വെറ്റിനറി സര്‍വകലാശാലയ്‌ക്കുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ക്ക് 40 കോടിയും, ഡയറി സംഘങ്ങള്‍ക്ക് 20 കോടിയും, കാലിത്തീറ്റ സബ്‌സിഡിക്ക് 15 കോടിയും വിഭജിച്ച് നല്‍കി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
- ജലസേചനത്തിന് 864 കോടി രൂപ
- ഇരുപതിനായിരം ഏക്കറില്‍ ജൈവകൃഷി
- സംസ്ഥാന വ്യാപകമായി ഒരു കോടി ഫലവൃക്ഷങ്ങള്‍ നടും
- പുരയിടയിട കൃഷിക്കായി 18 കോടി
- ഹരിത കേരള മിഷന് ഏഴ് കോടി രൂപ
- വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണ കേന്ദ്രത്തിന് മൂന്ന് കോടി
- ചെറുകിട കാര്‍ഷിക മേഖലയില്‍ സ്‌റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും,
- കാര്‍ഷിക മേഖലയില്‍ തൊഴില്‍ ലഭ്യത ഉയര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.