തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.
സര്‍ക്കാരിന്‍റെ കടബാധ്യത 3.72 ലക്ഷം കോടി
ചെലവ് കുറയ്ക്കുകയും വരുമാനം കൂട്ടുകയും ചെയ്യുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിയ്ക്ക് മുന്നിലുള്ളത്. ധനവരവ് കൂട്ടാന്‍ നികുതി വര്‍ധനവല്ലാതെ സര്‍ക്കാരിന്‍റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍ക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയും കേന്ദ്ര വിഹിതം കുറഞ്ഞതുമാണ് സര്‍ക്കാരിന്‍റെ മുന്നിലെ വെല്ലുവിളി. 3.72 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ കടബാധ്യത.
കൊവിഡ് വരുത്തിയ വരുമാന നഷ്‌ടത്തിന് പുറമേ മെയ് മാസത്തിന് ശേഷം കേന്ദ്രം നല്‍കുന്ന ജിഎസ്‌ടി വരുമാനത്തില്‍ കൂടി കുറവ് വന്നാല്‍ വരുമാനത്തിലെ കുറവ് ഉള്‍പ്പെടെ 16,000 കോടിയോളം രൂപയുടെ വരുമാന നഷ്‌ടം സര്‍ക്കാരിന് ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വരുമാനം കൂട്ടുകയും ചെലവ് കുറക്കുകയും ചെയ്യുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. ഇന്ധനം, മോട്ടോര്‍വാഹനം, മദ്യം, കെട്ടിടം, ഭൂമി, തുടങ്ങിയ നികുതികളാണ് സര്‍ക്കാരിന്‍റെ പരിധിയില്‍.