തിരുവനന്തപുരം: കൊവിഡില്‍ തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് കൈത്താങ്ങുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. കൊവിഡിന് ശേഷം മാത്രമേ ടൂറിസം മേഖലയുടെ തിരിച്ചു വരവ് സാധ്യമാകുകയുള്ളൂവെങ്കിലും തയ്യാറെടുപ്പുകള്‍ മുന്നൊരുക്കത്തോടെ നടത്തും. പ്രളയാനന്തര കാലത്ത് നടപ്പിലാക്കിയതുപോലുള്ള ക്യാമ്പെയിന്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ പ്രഖ്യാപിച്ചു.
മലബാറില്‍ പ്രത്യേക ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും - kerala budget tourism news
ടൂറിസം മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ചത്.
മലയാള സാഹിത്യത്തിലെ അതികായന്‍മാരിലൂടെ പ്രശസ്‌തമായ തുഞ്ചന്‍ സ്‌മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, പൊന്നാനി, തൃത്താല എന്നി സ്ഥലങ്ങളെ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോ തുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജഡായുപാറ, തെന്‍മല, അച്ചന്‍കോവില്‍ എന്നി പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടുമാണ് പ്രഖ്യാപിച്ചത്. ഇതിനായി 50 കോടി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
ടൂറിസം മാര്‍ക്കറ്റിങിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ അധികമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ആകര്‍ഷിക്കുന്നതിനായി കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫീബിയന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ 5 കോടി രൂപ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടം കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയില്‍ ആരംഭിക്കും. അടച്ചു പൂട്ടലിന്‍റെ വക്കിലായ ടൂറിസം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി വകയിരുത്തി.