തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇത്തവണ വനിത പ്രാതിനിധ്യത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ തവണത്തെ എട്ടില്‍ നിന്ന് 140 അംഗ സഭയയിലെ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. ആകെ അംഗബലത്തിന്‍റെ എട്ട് ശതമാനമാണ് ഇത്തവണത്തെ വനിത പ്രാതിനിധ്യം. വിജയിച്ച 11ല്‍ 10 പേരും ഭരണ മുന്നണിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി കളത്തിലിറങ്ങിയവരാണ്. 2016ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ യുഡിഎഫിന് നിയമസഭയില്‍ വനിത പ്രാതിനിധ്യമുണ്ട്. യുഡിഎഫ് ഘടക കക്ഷിയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചുവിജയിച്ച കെ.കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.
കൂടുതൽ വായനയ്‌ക്ക്:പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി
12 വനിതകളെ രംഗത്തിറക്കിയ സിപിഎമ്മിനാണ് മികച്ച നേട്ടം. എട്ട് പേരെ വിജയിപ്പിക്കാനായി. ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യ ആര്‍.ബിന്ദു, വീണ ജോര്‍ജ്, രണ്ടു വനിതകള്‍ നേരിട്ടേറ്റുമുട്ടിയ കായംകുളത്ത് നിന്നും വിജയിച്ച യു.പ്രതിഭ, സിറ്റിങ് എംഎല്‍എയോട് ഏറ്റുമുട്ടി വിജയം നേടിയ അരൂരിലെ സിപിഎം സ്ഥാനാര്‍ഥി ദലീമ ജോജോ, ആറ്റിങ്ങലില്‍ വിജയിച്ച ഒ.എസ്.അംബിക, കോങ്ങാട് മണ്ഡലത്തില്‍ മത്സരിച്ച കെ.ശാന്തകുമാരി, കൊയിലാണ്ടിയില്‍ മത്സരിച്ച നിയമസഭയിലെ ഏക മുസ്‌ലിം വനിത പ്രാതിനിധ്യമായ കാനത്തില്‍ ജമീല എന്നിവരാണ് പുതിയ സഭയിലെ സിപിഎം വനിത എംഎല്‍എമാര്‍.