തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം വെള്ളിയാഴ്‌ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രണ്ട് ഘട്ടങ്ങളിലായുള്ള സഭ സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി 21 തിങ്കളാഴ്‌ച സഭാംഗമായിരുന്ന പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് പിരിയും. അന്ന് നിയമസഭ കാര്യോപദേശ സമിതി യോഗം മറ്റ് സഭ നടപടികൾ തീരുമാനിക്കും.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനത്തിന് ഇടവേളയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയില്‍ അവതരിപ്പിക്കും.
മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതു ചര്‍ച്ച നടക്കുന്നത്. മാര്‍ച്ച് 17ന് സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ഥനകള്‍ സഭ പരിഗണിക്കും. ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ഉപധനാഭ്യര്‍ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കും.
മാര്‍ച്ച് 21, 23 തീയതികളില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി 21ന് ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കും. മാര്‍ച്ച് 23ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സമ്മേളനം സമാപിക്കും.