തിരുവനന്തപുരം: വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിർമാണം നിര്‍ത്തി വയ്‌ക്കണമെന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നിര്‍ത്തി വയ്‌ക്കണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞത്ത് നടക്കുന്ന സമരം നാട്ടുകാര്‍ മാത്രം പങ്കെടുക്കുന്നതല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നാടിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിന് ആവശ്യമായ ഒരു ബൃഹദ് പദ്ധതിയെ കുറിച്ച് അനാവശ്യ ആശങ്കകള്‍ സൃഷ്‌ടിക്കാനാണ് ചിലരുടെ ശ്രമം. സുപ്രീം കോടതിയും ഹരിത ട്രൈബ്യൂണലും നടത്തിയ പഠനങ്ങളില്‍ തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2014ല്‍ നടത്തിയ വിദഗ്‌ധ പഠനത്തിലും പദ്ധതി തീരശോഷണത്തിന് കാരണമാകില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2015ല്‍ തുറമുഖ നിമാണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.