തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ കത്തി നില്‍ക്കെ നാളെ മുതല്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാം നിയമസഭ സമ്മേളനം ആരംഭിയ്ക്കും. പീഡന കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം, മുട്ടില്‍ മരംമുറി, സ്വര്‍ണക്കടത്ത്, കിറ്റക്‌സ്, മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി, സ്‌ത്രീ പീഡനത്തിനെതിരായ ഗവര്‍ണറുടെ സത്യാഗ്രഹം എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ക്കിടെയാണ് നാളെ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.
വിവാദങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം
പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം സഭയില്‍ ശക്തമായി പ്രതിക്ഷം ഉയര്‍ത്തുമെന്നുറപ്പാണ്. അതിനാല്‍ വിവാദങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഭരണ പക്ഷം. ഓഗസ്റ്റ് 18 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായും മറ്റും ഉയര്‍ത്തും. പ്രക്ഷുബ്‌ധമായൊരു സമ്മേളനകാലമാണ് വരാന്‍ പോകുന്നതെന്നുറപ്പാണ്.
സഭ സമ്മേളനം ഓഗസ്റ്റ് 18 വരെ
2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് സമ്മേളനത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്. 20 ദിവസം സഭ സമ്മേളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.