തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ മൂന്നാം പ്രതിയും മുൻ മന്ത്രിയുമായ ഇ.പി.ജയരാജന് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കോടതി അനുമതി നൽകി. പാസ്‌പോർട്ട് ലഭിച്ചാൽ മാത്രമെ ആവശ്യ പ്രകാരം വിദേശത്ത് പോകുവാൻ കഴിയുകയുള്ളു. കൈയാങ്കളി കേസിലെ പ്രതിയെന്ന് കാരണത്താൽ തനിക്ക് പാസ്‌പോർട്ടിന് അപേക്ഷ നിരസിക്കപ്പെടാം എന്ന കാരണത്താലാണ് ജയരാജൻ കോടതിയിൽ അപേക്ഷ നൽകിയത്.
എന്നാൽ പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസിന്‍റെ ഏതു സാഹചര്യത്തിലും കോടതിയിൽ ഹാജരായിക്കൊള്ളാം എന്ന പ്രതിയുടെ ഉറപ്പ് പരിഗണിച്ചാണ് കോടതി ഹർജി അനുവദിച്ചത്. മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ശിവൻകുട്ടി ഉൾപ്പടെ ആറു ഇടതു നേതാക്കളാണ് കേസിലെ നിലവിലെ പ്രതികൾ. കേസിലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്.