തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ. ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരെയും സിനിമ തിയേറ്ററുകളിൽ പ്രവേശിപ്പിയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.
തിയേറ്ററുകളിൽ ശാരീരിക അകലം പാലിയ്ക്കൽ, മാസ്‌ക് ധരിയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ നിർദേശം പുറപ്പെടുവിയ്ക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. നേരത്തെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്റർ ഉടമകൾ തുടക്കത്തിൽ തന്നെ സർക്കാരിനെ എതിർപ്പ് അറിയിച്ചിരുന്നു.
വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റ് പൊതു ചടങ്ങുകൾ എന്നിവയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും അനുമതിയായി. അടച്ചിട്ട ഹാളുകളിൽ 100 പേരെയും തുറന്ന സ്ഥലങ്ങളിൽ 200 പേരെയും ഉൾപ്പെടുത്തി വിവാഹച്ചടങ്ങുകൾ നടത്താം.