തിരുവനന്തപുരം:കാട്ടാക്കട അമ്പലത്തിൻകാലയിൽ സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിൽ നാല് പ്രതികളെ കൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയും മണ്ണുമാന്തി യന്ത്രം ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലിൻ ജോൺ(48), ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ ഉത്തമൻ എന്ന മണികണ്ഠൻ നായർ(34), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു(30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25) എന്നിവരെയാണ് ഇന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾ ഏഴായി. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ ടിപ്പർ ഡ്രൈവറായ ബൈജുവിനേയും, സഹായികളായ രണ്ട് പേരെയുമാണ് ഇനി പിടികൂടാനുള്ളത്.
അമ്പലത്തിൻകാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീത്(37) ആണ് കഴിഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണ്ണ് വിലയ്ക്ക് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അർധരാത്രിയോടെ കൊല്ലപ്പെട്ട സംഗീതിന്‍റെ പുരയിടത്തിൽ അതിക്രമിച്ച് കടക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊല്ലുകയുമായിരുന്നു. കൊല്ലപ്പെട്ട സംഗീതിന്‍റെ അനുവാദമില്ലാതെ വസ്തുവിൽ നിന്നും മണ്ണെടുക്കുന്നതിന് എത്തിയ സംഘത്തെയും, വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പൊലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ കൊല നടത്തിയതെന്ന് റൂറല്‍ എസ്‌പി അശോക് പറഞ്ഞു.