തിരുവനന്തപുരം:കര്‍ക്കടക വാവുബലിയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണമായി. തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പരമാവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് പ്രധാന കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍, ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധന പൂര്‍ത്തിയായി.
ബലിതര്‍പ്പണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശംഖുമുഖം തീരത്തും നെയ്യാറ്റിന്‍കര താലൂക്കിന്‍റെ തീരദേശപ്രദേശങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളായ പൂവാര്‍-പൊഴിക്കര കടല്‍ത്തീരം, മുല്ലൂര്‍ കടല്‍ത്തീരം, ആഴിമല ശിവക്ഷേത്രം-ചൊവ്വര കടല്‍ത്തീരം, മുല്ലൂര്‍ തോട്ടം ശ്രീ.നാഗര്‍ ഭഗവതി ക്ഷേത്രം-കരിക്കത്തി കടല്‍ത്തീരം എന്നിവിടങ്ങളിലും ഇത്തവണ ബലിതര്‍പ്പണമില്ല.
പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകളുണ്ടാകും. അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.