തിരുവനന്തപുരം കരമനയിൽ അനന്തു എന്ന യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കൂടി പിടിയിലായി. ഇതോടെ ഈ കേസിൽ രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി. ഇതിനിടെ മൂന്നു ദിവസത്തിനിടെ തലസ്ഥാന നഗരത്തിൽ രണ്ടുപേർ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ സാമൂഹിക വിരുദ്ധരെയും ലഹരി മാഫിയ സംഘങ്ങളെയും അറസ്റ്റ് ചെയ്യാൻ സിറ്റി പോലീസ് ഊർജ്ജിത ശ്രമമാരംഭിച്ചു.
കരമന സ്വദേശി ആനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ ഏഴുപേരെയാണ് ഇന്ന് അന്വേഷണ സംഘം പിടികൂടിയത്. മുഖ്യപ്രതികളായ വിഷ്ണു, വിനീത്, കൃത്യത്തിൽ പങ്കാളികളായ അനീഷ്, ഹരി, അഖിൽ, കുഞ്ഞുവാവ, ശരത് എന്നിവരാണ് പിടിയിലായത്. ശരത്തിനെ ചെന്നൈയിൽ നിന്നും മറ്റുള്ളവരെ പൂവാറിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ കൂട്ടുപ്രതിയായ ഉമേഷ് ഒഴികെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം ശ്രീവരാഹത്ത് ശ്യാം എന്ന മണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രണ്ടു കേസുകളിലും കൊലപാതകികൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.