തിരുവനന്തപുരം:കണ്ണൂർ വി.സി പുനർ നിയമനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രമേശ് ചെന്നിത്തലയ്ക്കും, മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗമാണെന്നും, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂർ വിസി പുനർ നിയമനക്കേസിൽ ലോകായുക്തയുടെ ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പ്രതിപക്ഷവും, മാധ്യമങ്ങളും ആരോപണ പരമ്പര തീർത്ത വിഷയമാണിത്. പലതവണ പ്രതികരിച്ചു. കാര്യങ്ങൾക്ക് ഇപ്പോൾ കൃത്യത വന്നെന്നും മന്ത്രി പറഞ്ഞു.
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പ്രവണത പ്രതിപക്ഷം അവസാനിപ്പിക്കണം. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കണമെന്നും ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചെന്നിത്തല കേരളത്തിലെ പൊതു രാഷ്ട്രീയത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ആളാണ്. കാര്യങ്ങൾ പഠിക്കാതെ പ്രസ്‌താവന നടത്തുന്നത് ഭൂഷണമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാദങ്ങളുണ്ടാക്കി നിറഞ്ഞുനിൽക്കാനാണ് ചെന്നിത്തലയുടെ ശ്രമം.