തിരുവനന്തപുരം:സർക്കാരിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ലോകായുക്ത പരിഗണിക്കും. ഭേദഗതി വഴി ലോകായുക്തയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള സർക്കാർ നീക്കം നിലനിൽക്കെയാണ് കേസുകൾ ലോകായുക്ത പരിഗണിക്കുന്നത്.
മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി
കണ്ണൂർ സർവകലാശാല വൈസ് ചാൻസലര്‍ക്ക് പുനർനിയമനം നല്‍കിയതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാൻസിലറായ ഗവർണർക്ക് കത്ത് എഴുതിയ ആർ.ബിന്ദുവിനെ അയോഗ്യയാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണറുടെ സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകുകയായിരുന്നു മന്ത്രി ആർ ബിന്ദു എന്നാണ് സർക്കാർ ലോകായുക്തയിൽ അറിയിച്ചത്. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കിയെന്നാണ് സർക്കാരിന്‍റെ അവകാശവാദം.
അതിനിടെ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കി വ്യാഴാഴ്‌ച വാര്‍ത്താകുറിപ്പ് ഇറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദുവിന്‍റെയും ഒത്താശയോടെയാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ക്കുവേണ്ടി രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഡോ. ഗേപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് തന്‍റെ അറിവോടെയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന ഹർജിയും ലോകായുക്ത ഇന്ന് പരിഗണിക്കും. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്‍റെ വായ്‌പ അടയ്ക്കാനും സ്വർണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്‌ണന്‍റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി.
READ MORE: കണ്ണൂർ വി.സി പുനർനിയമനം; ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി നാലിന്