തിരുവനന്തപുരം :കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗേപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് തന്‍റെ അറിവോടെയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജന്‍റെയും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവിന്‍റെയും ഒത്താശയോടെയാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ക്കുവേണ്ടി രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ശുപാർശയുമായി കെ.കെ രവീന്ദ്രന്‍ രാജ്‌ഭവനിൽ
കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ കാലാവധി പൂര്‍ത്തിയായത് 2021 നവംബര്‍ 23 നാണ്. ഇതിന് മുന്നോടിയായി പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി ഒക്ടോബര്‍ 27ന് രൂപീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഈ നടപടിക്രമങ്ങള്‍ പുരോഗമിക്കവേ 2021 നവംബര്‍ 21 ന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രകാരം അദ്ദേഹത്തിന്‍റെ നിയമോപദേഷ്‌ടാവ് കെ.കെ രവീന്ദ്രന്‍ രാജ്ഭവനിലെത്തി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സി ആയി നിയമിക്കണം എന്നതാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമെന്നറിയിച്ചു.
വി.സി നിയമന പ്രക്രിയ മുന്നോട്ടുപോകുന്നതിനാല്‍ ഇക്കാര്യത്തിലുള്ള നിയമപരമായ ബുദ്ധിമുട്ട് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചെന്നും എല്ലാ നിയമ പ്രശ്‌നങ്ങളെയും ഇത് അതിജീവിക്കുമെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അറിയിച്ചു.
ഇടപെടലുമായി മുഖ്യമന്ത്രി
സര്‍ക്കാരിന് ചില നിയമോപദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് കെ.കെ രവീന്ദ്രന്‍ ചില ടൈപ്പ് ചെയ്‌ത പേപ്പറുകള്‍ ഹാജരാക്കിയിരുന്നു. ഒപ്പില്ലാത്ത ഈ പേപ്പറുകളുടെ ഉറവിടം അപ്പോള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശമാണെന്നും ഡോ.ഗപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
അഡ്വക്കേറ്റ് ജനറലിന്‍റെ സീലും ഒപ്പുമുള്ള നിയമോപദേശം ഹാജരാക്കാമെന്നും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിയമോപദേശത്തിന്‍റെ പകര്‍പ്പുമായി നവംബര്‍ 22ന് ഉച്ചയ്ക്ക് 1.30ന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവനിലെത്തി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ ഗുണഗണങ്ങള്‍ വാഴ്ത്തി അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കേണ്ടതിന്‍റെ ആവശ്യകതകളായിരുന്നു മന്ത്രിയുടെ കത്തില്‍.
ALSO READ:വിവാദങ്ങള്‍ക്കിടെ മന്ത്രി ബിന്ദുവിനെതിരായ പരാതിയിലെ ലോകായുക്തയുടെ വിധി നാളെ
പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനായി പുതിയ സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു മന്ത്രിയുടെ കത്തില്‍. നവംബര്‍ 22 ഉച്ചയ്ക്ക് 12.10ന് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹന്‍ രാജ്ഭവനിലെത്തി അഡ്വേക്കറ്റ് ജനറലിന്‍റെ ഒപ്പും സീലുമുള്ള നിയമോപദേശത്തോടെ ഗോപിനാഥ് രവീന്ദ്രനെ വി.സിയാക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ചു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫിസിന്‍റെ ഇടപെടലുകള്‍ വ്യക്തമായി രാജ്ഭവന്‍ പ്രതിപാദിക്കുന്നു. ഇക്കാര്യത്തില്‍ തനിക്ക് പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി നല്‍കിയ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം എന്നിവയാണ് ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനത്തിന് ആക്കം കൂട്ടിയതെന്നുമാണ് രാജ്ഭവന്‍റെ വാദം.