തിരുവനന്തപുരം :കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്‌ക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു.
ആനിരാജയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. വിഷയത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ സുനീഷ എന്ന യുവതി ആത്മഹത്യ ചെയ്യുകയും സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷ നേടാന്‍ കൊല്ലത്തെ വീട്ടമ്മയും പ്രായപൂര്‍ത്തിയായ മകളും മകനും ട്രെയിനില്‍ കയറി പുലര്‍ച്ചെ വരെ യാത്ര ചെയ്‌തതുമായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പൊലീസിനെതിരെ ആനി രാജയുടെ രൂക്ഷ വിമര്‍ശനം.