തിരുവനന്തപുരം: യു.ഡി.എഫിന്‍റെ വെന്‍റിലേറ്ററായി പ്രവർത്തിക്കാൻ ഇടതു മുന്നണിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യു.ഡി.എഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലുമൊരു വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എൽ.ഡി.എഫിനില്ല. ഇടതു നയങ്ങൾ ഉള്ള മുന്നണിയാണ് എൽ ഡി.എഫ് . ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നു കയറിയിൽ കയറ്റുന്ന രീതിയല്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ജോസ്.കെ.മാണിയെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്‍റെ വെന്‍റിലേറ്ററാകാന്‍ ഇടതു മുന്നണിയില്ലെന്ന് കാനം രാജേന്ദ്രൻ
ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നു കയറിയിൽ കയറ്റുന്ന രീതി ഇടതുമുന്നണിയിലില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കേണ്ട കാര്യമില്ല. ജോസ്.കെ.മാണി നിലപാട് എടുത്ത ശേഷം അഭിപ്രായം പറയാം. ഇടതു മുന്നണിയിൽ ആരെങ്കിലും പുതുതായി ചേരുന്നത് എല്ലാവരുമായി കൂടിയാലോചിച്ച് മാത്രമാണ്. നിലവിൽ അങ്ങനെയൊരു ആലോചന നടന്നിട്ടില്ലെന്നും ആലോചനയുണ്ടാകുമ്പോൾ അഭിപ്രായം മുന്നണിക്കുള്ളിൽ വ്യക്തമാക്കുമെന്നും കാനം പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.ഐയുടെ മുൻ നിലപാടുകൾക്ക് ഒരു മാറ്റവുമില്ല. എൽ.ഡി.എഫിലല്ല വിഭജനം ഉണ്ടായതെന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നു കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.