തിരുവനന്തപുരം :ദീർഘ ദൂര യാത്രക്കൾക്കായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. 11 മുതൽ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനമായി ലഭിച്ചത്.
എ.സി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോൺ എ. സി സർവീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എ.സി സ്ലീപ്പർ സർവ്വീസിലെ 8 ബസുകളും ബെംഗളൂരു സർവീസാണ് നടത്തുന്നത്.
എ.സി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവിടങ്ങിലേക്കും, ആഴ്‌ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് നോൺ എ.സി സർവീസ് നടത്തുന്നത്.
ALSO READ:വിവാദങ്ങൾക്കിടയിലും വരുമാനക്കൊയ്‌ത്തുമായി സ്വിഫ്‌റ്റ് ബസുകൾ ; ഒരാഴ്‌ചയ്ക്കിടെ നേടിയത് 35 ലക്ഷം രൂപ
നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി- സ്വിഫ്റ്റ് മാനേജ്മെന്‍റ് അറിയിച്ചു.