തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്‍റെ വിദേശ ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രിയുടെ വിദേശ നിക്ഷേപങ്ങൾ സംബന്ധിച്ച് പരിശോധന നടത്തണമെന്നും കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിൽ വൻതോതിൽ അഴിമതി നടക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് സംഘത്തിന് കിഫ്ബി ഇടപാടുമായുള്ള ബന്ധം പരിശോധിക്കണം. പ്രവാസി ചിട്ടി പണം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന നിയമങ്ങൾ ലംഘിച്ച് ഈ തുക കിഫ്ബിയിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാ തട്ടിപ്പും നടത്തിയ ശേഷം അതിന് സൈദ്ധാതിക വശം ചമയ്ക്കുകയാണ് ഐസക് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തോമസ് ഐസക്കിന്‍റെ വിദേശ ഇടപാടുകൾ അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ
ധനമന്ത്രിയുടെ വിദേശ നിക്ഷേപങ്ങൾ സംബന്ധിച്ച് പരിശോധന നടത്തണമെന്നും കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിൽ വൻതോതിൽ അഴിമതി നടക്കുകയാണെന്നും കെ. സുരേന്ദ്രൻ
സിഎജി റിപ്പോർട്ടിനെ വിവാദമാക്കാൻ ശ്രമിക്കുന്നത് തട്ടിപ്പ് പുറത്ത് വരാതിരിക്കാനാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം കിഫ്ബിയിലും വരുമെന്ന് ഐസക് ഭയക്കുന്നതാണ് ഈ നാടകത്തിന് കാരണം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകും. അതിനെ ഭീഷണിപ്പെടുത്തി നേരിടാമെന്ന് കരുതേണ്ട. കേരളം ആരുടെയും തറവാട്ട് സ്വത്തല്ല. കെ ഫോണിൽ അടക്കം അഴിമതിയാണ്. അതിന്‍റെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. സ്വപ്‌ന സുരേഷിന്‍റെ ഭർത്താവിന് ജോലി നൽകിയതടക്കമുള്ള വിവരങ്ങൾ പുറത്ത് വിടും. ഐസക്കിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണറെ കാണുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.