തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ രാജിവച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് ഇതിനിടെ രാജിവച്ചത്. രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയൊരാളെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച ഉടനെ പുതിയൊരാളെ നിയമിക്കുമായിരുന്നില്ലേയെന്നും സുധാകരന്‍ ചോദിച്ചു. തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
മുഖ്യമന്ത്രിയും പൊലീസും ഉന്നതരെ ഭയക്കുന്നതെന്തിന്:അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കേസന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അപ്പോള്‍ എവിടെയൊക്കെയോ പൊലീസിന് കൈവിറയല്‍ ഉണ്ടായി എന്നല്ലേ കരുതേണ്ടത്.