തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തിവയ്ക്കില്ലെന്നും കേരള റെയിൽ ഡെവലപ്മെൻ്റ് കോർപറേഷൻ എംഡി വി അജിത് കുമാർ. പ്രതിഷേധക്കാർ കല്ല് ഇളക്കി മാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് കല്ലിടൽ നിർബന്ധമാണ്. എല്ലാ പദ്ധതിയ്ക്കും കല്ലിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മാസത്തിനകം കല്ലിടലും മൂന്ന് മാസത്തിനകം പാരിസ്ഥിതികാഘാത പഠനവും പൂർത്തിയാക്കും. പദ്ധതി നടത്തിപ്പ് കാലാവധി നീളുന്നതിനനുസരിച്ച് ചിലവും വർധിയ്ക്കും. ഹൈക്കോടതി വിധി ഉള്ളതിനാലാണ് കല്ലിടുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ 5 മീറ്റർ ബഫർ സോണായിരിക്കും. നിർമാണം അനുവദിയ്ക്കില്ല. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രവർത്തികള്‍ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. നഷ്‌ടപരിഹാരം കൊടുത്ത ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.