തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തോടെ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് അഹങ്കാരം തലയ്ക്കു പിടിച്ചെന്ന് കെ.മുരളീധരന്‍ എം.പി. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം ഇനി നിര്‍ണായകമെന്ന് അദ്ദേഹം പറയുന്നത് ഇതു കൊണ്ടാണ്. 34 വര്‍ഷം സിപിഎം ഭരിച്ച ബംഗാളില്‍ അവര്‍ക്ക് ഒരു സീറ്റു പോലുമില്ല. പ്രതിപക്ഷത്തായി എന്നതു കൊണ്ട് കോണ്‍ഗ്രസ് തകരില്ല. 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്‍റെ സ്ഥിതി ഇതാണോ. ഒരു തവണ ലോട്ടറിയടിച്ചു എന്നതു കരുതി എന്നും ഭരിക്കാമെന്നും എന്തുമാകാമെന്നും മുഖ്യമന്ത്രി കരുതരുത്. ബിജെപിക്ക് വോട്ടു കുറഞ്ഞതിലാണ് മുഖ്യമന്ത്രിക്ക് ദുഖം. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.
ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ലെന്നതിലാണ് തനിക്ക് സന്തോഷം. നേമത്ത് യുഡിഎഫ് വോട്ടു കൂടി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. ബിജെപി മേഖലയില്‍ തനിക്ക് മുന്നേറ്റമുണ്ടാക്കാനായെങ്കിലും ന്യൂനപക്ഷ മേഖലകളില്‍ തിരിച്ചടിയേറ്റു. നേമത്ത് ഹിന്ദു വോട്ടുകള്‍ തനിക്ക് കിട്ടില്ലെന്ന എസ്‌ഡിപിഐ പ്രചാരണം തിരിച്ചടിച്ചു. ഹിന്ദു വോട്ടുകള്‍ കുമ്മനത്തിനു തന്നെ കിട്ടുമെന്നും അങ്ങനെ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുമെന്നും ന്യൂനപക്ഷ മേഖലകളില്‍ എസ്‌ഡിപിഐ പ്രചാരണം നടത്തി. ഇതാണ് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാനിടയായതെന്നും കെ. മുരളീധരൻ ആരോപിച്ചു.