എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ചിന്‍റെ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് പരിഗണിക്കും.
മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടാക്കാന്‍ തിരുവനന്തപുരത്തെ ലാബിലേക്ക് മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ നിലപാട്.
Also read: നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം തുടരും
തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നും വിചാരണ ഘട്ടത്തിലാണ് തെളിവുകൾ പരിശോധിക്കേണ്ടതെന്നുമാണ് അപ്പീലിൽ ക്രൈം ബ്രാഞ്ചിന്‍റെ വാദം. 2018 ജനുവരിയിലും ഡിസംബറിലും ഹാഷ് വാല്യൂ മാറിയതായാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. എന്നാൽ 2022 ഫെബ്രുവരി മാസം ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
നേരത്തെ ഈ വിവരങ്ങൾ ലാബ് അധികാരികൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന് ആക്രമിക്കപ്പെട്ട നടിയും ആവശ്യം ഉന്നയിച്ചിരുന്നു. ലാബ് ഉദ്യോഗസ്ഥരെ നേരത്തെ വിസ്‌തരിച്ചിട്ടുള്ളതിനാൽ വീണ്ടും പരിശോധന ആവശ്യമില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്.