തിരുവനന്തപുരം: കെ റെയിൽ അശാസ്ത്രീയമായ പദ്ധതിയെന്ന് സാമൂഹിക നിരീക്ഷകനും ഐടി വിദഗ്‌ധനുമായ ജോസഫ് സി മാത്യു. ചരിത്രപരമായി ഇന്ത്യയിൽ ബ്രോഡ് ഗേജ് ലൈൻ (വീതിയുള്ള ഗേജ്) ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ കണക്കുണ്ട്. വേഗം വർധിക്കുന്നത് അനുസരിച്ച് ഗേജ് വർധിപ്പിക്കുകയാണ് വേണ്ടത്.
സില്‍വര്‍ലൈനെതിരെ ജോസഫ് സി മാത്യു സംസാരിക്കുന്നു എന്നാൽ കെ റെയിലിൽ ഇതുനേരെ തിരിച്ചാണ്. വേഗം വർധിപ്പിക്കാനായി ഗേജ് കുറയ്ക്കുന്നത് അശാസ്ത്രീയമാണ്. ഇങ്ങനെ ചെയ്‌ത മറ്റൊരു രാജ്യവും ലോകത്തില്ല. നിലവിലെ ഗേജിൽ നിന്നുമാറി മറ്റൊരു ഗേജിലേക്ക് പോകുമ്പോൾ കൂടുതൽ പഠനം ആവശ്യമായിരുന്നു.
ജനശതാബ്‌ദി പോലുള്ള ട്രെയിനുകൾ 200 കിലോമീറ്റർ മൂന്ന് മണിക്കൂർ കൊണ്ട് ഓടിയെത്തുന്നു. ഒരു സ്റ്റോപ്പിന് എട്ട് മിനിറ്റ് വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൂന്ന് സ്റ്റോപ്പുകളായി കുറച്ചാൽ തന്നെ രണ്ടേകാൽ മണിക്കൂർ കൊണ്ട് ഓടിയെത്താൻ കഴിയും. ചുരുക്കത്തിൽ സിൽവർലൈനുമായുള്ള വ്യത്യാസം 20 മിനിറ്റിൽ താഴെ. ഈ സാഹചര്യത്തിൽ സമയം ലാഭിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നതിൽ യാതൊരു യുക്തിയുമില്ല.
ജലമെല്ലാം എങ്ങനെ ഒഴുകി പോകും?: പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും റാന്നി, കോഴഞ്ചേരി, ആറന്മുള തുടങ്ങിയ ഇടങ്ങളിൽ വൻ തോതിൽ വെള്ളപ്പൊക്കം ഉണ്ടായി. കെ റെയിൽ പദ്ധതിക്കായി ഈ പ്രദേശങ്ങളുടെ നടുവിലൂടെ 17 മീറ്റർ വരെ ഉയരമുള്ള എംബാങ്ക്മെന്‍റ് പണിതാൽ ഇനിയുമൊരു പ്രളയം ആവർത്തിക്കപ്പെട്ടാൽ ജലമെല്ലാം എങ്ങനെ ഒഴുകി പോകും. പ്രളയജലം എത്തുന്ന പ്രദേശമേതോ അതിന്‍റെ അതിർത്തിയിൽ കല്ലിട്ടുകൊണ്ടാണ് സാമൂഹ്യാഘാത പഠനം നടത്തേണ്ടത്.
പദ്ധതിയുടെ 74 ശതമാനം ഓഹരി സ്വകാര്യവത്കരിക്കുമെന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ, കെ റെയിൽ പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ്) മോഡൽ പദ്ധതിയാണെങ്കിൽ അക്കാര്യം ജനങ്ങളോട് തുറന്ന് പറയണമെന്നും ജോസഫ് സി മാത്യു പറഞ്ഞു. 'പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോസഫ് സി മാത്യു.
Also read: കെ റെയില്‍ വരട്ടെ: ഏത് പദ്ധതിയായാലും ആദ്യം ചില ബുദ്ധിമുട്ട് ഉണ്ടാവും - സുബോധ് ജെയിൻ