തിരുവനന്തപുരം: സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.മുകേഷ് എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ധന വിലവർധനവിനെതിരെ ഗതാഗതം തടസപ്പെടുത്തി കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്‌തതിന് നടൻ ജോജു ജോർജിനെയും കുടുംബത്തെയും അപമാനിക്കുന്നതായി എം. മുകേഷ് ആരോപിച്ചു. ഇതിൻ്റെ പേരിൽ മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്നതായും മുകേഷ് ചൂണ്ടിക്കാട്ടി.
സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നതിനെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. ചിത്രീകരണം നടക്കുന്നയിടത്തേക്ക് കടന്നു ചെന്ന് അക്രമം കാണിക്കുകയും നിരോധനം കൽപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ വച്ചുപൊറുപ്പിക്കില്ല. ആസൂത്രിതമായ തീരുമാനമാണിതിന് പിന്നിലെന്നും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.